തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തുള്ള ജനവാസമേഖലകളെയും പെരിയാർ കടുവാസങ്കേതത്തിൽപ്പെട്ട പന്പാവാലി, ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളെയും സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനുള്ള നടപടി തുടങ്ങി.
ഇതുസംബന്ധിച്ച കൂടിയാലോചനകൾക്കായി വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദേശീയ വന്യജീവി ബോർഡിന്റെ നിർദേശപ്രകാരം പന്പാവാലി, ഏയ്ഞ്ചൽവാലി സെന്റിൽമെന്റ് പ്രദേശത്തിനും തട്ടേക്കാട് സെറ്റിൽമെന്റ് പ്രദേശത്തിനും ഉചിതമായ ആക്ഷൻ പ്ലാനും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു.
എന്നാൽ കേന്ദ്രം നിർദേശിച്ച ഈ പ്രദേശങ്ങളിലെ ജനങ്ങൾക്കു വസ്തുവകകൾ സ്വതന്ത്രമായി ഉപയോഗിക്കാൻ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ സംസ്ഥാനം തയാറല്ലെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
കേന്ദ്ര വന്യജീവി ബോർഡിന്റെ നിർദേശങ്ങൾ പരിശോധിക്കാനായി ഈ പ്രദേശങ്ങളിലെ ജനപ്രതിനിധികളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കാനും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. സമിതികൾക്കു ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ചശേഷം കരട് മാർഗനിർദേശം തയാറാക്കി സർക്കാർ വിശദമായി പരിശോധിച്ചശേഷം ദേശീയ വന്യജീവി ബോർഡിന് സമർപ്പിക്കാനാണു തീരുമാനം. സമിതിയിൽ വനംമന്ത്രി ചെയർമാനും ബന്ധപ്പെട്ട എംഎൽഎമാർ, ജില്ലാ- ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ എന്നിവർ അംഗങ്ങളാകും.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമിതി കണ്വീനറാകും. ഈ പ്രദേശങ്ങളെ ബന്ധപ്പെട്ട വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽനിന്ന് ഒഴിവാക്കാനായി നേരത്തേ സംസ്ഥാനം കേന്ദ്രത്തിനും കേന്ദ്ര വന്യജീവി ബോർഡിനും നിർദേശം സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു കരട് മാർഗനിർദേശം തയാറാക്കി സമർപ്പിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.